കൊച്ചി: സംസ്ഥാന സിവില്‍ സര്‍വീസ് നിയമങ്ങള്‍ പ്രകാരം രൂപീകരിച്ച രണ്ട് വിജിലന്‍സ് ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പ്രതിവര്‍ഷം പരമാവധി അഞ്ച് കേസുകള്‍ മാത്രം ട്രൈബ്യൂണല്‍ തീര്‍പ്പാക്കുകയും ചെലവ് ഒരു കോടി രൂപയില്‍ കൂടുതലാകുകയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.
പ്ലാന്റേഷന് കോര്പറേഷന് ഓഫ് കേരള ലിമിറ്റഡിന്റെ ജനറല്‍ മാനേജരായിരുന്ന ഒരാളുടെ ഒത്താശയോടെ ബി.എ. മുഹമ്മദ് എന്നയാള്‍ വ്യാജ പട്ടയം നിര്‍മിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ 2021 മുതല്‍ നിലനില്‍ക്കുന്ന വിജിലന്‍സ് അന്വേഷണം സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വിജിലന്‍സ് ട്രൈബ്യൂണലുകളുടെ മുമ്പാകെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വളരെ കുറവാണെന്നും എന്നാല്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ അനാവശ്യമായ കാലതാമസം ഉണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു.
അതേസമയം, ട്രൈബ്യൂണല്‍ പ്രതിവര്‍ഷം ശരാശരി 45 കേസുകള്‍ തീര്‍പ്പാക്കുന്നുണ്ടെന്നും ഒരു സാമ്പത്തിക വര്‍ഷത്തില്‍ വിജിലന്‍സ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിനായി ശമ്പളത്തിനായി മാത്രം ചെലവഴിക്കുന്ന തുക ശരാശരി ഒരു കോടി രൂപയില്‍ കൂടുതലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു.
2015 മുതല്‍ 2023 വരെയുള്ള കേസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ കോടതി പരിശോധിചപ്പോള്‍ ഒരു വര്‍ഷം പരമാവധി അഞ്ച് കേസുകളാണ് തീര്‍പ്പാക്കുന്നത്.
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ട്രൈബ്യൂണലിന് കൈമാറണമെന്ന് ചട്ടം നാല് പ്രത്യേകമായി വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഒഴികെയുള്ള ഒരു സര്‍ക്കാര്‍ വകുപ്പും ഇതുവരെ അത്തരം കാര്യങ്ങള്‍ ട്രൈബ്യൂണലിന് കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിനോട് ഓഡിറ്റ് നടത്താന്‍ കോടതി നിര്‍ദേശിച്ചത്.